കെ. സുധാകരൻ കോൺഗ്രസ് വിടില്ല, പുതിയ പാർട്ടി വെറും വാർത്ത’; സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാവിലെ കെ സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺഗ്രസിന്റെ പ്രോസസ് ഉണ്ട്. സിപിഎം പോലെ ഒരു പ്രാദേശിക പാർട്ടിയല്ല കോൺഗ്രസ്. നടപടിക്രമങ്ങൾ പാലിച്ചേ ലിസ്റ്റ് വരൂ. ഇലക്ഷൻ പെട്ടെന്ന് വന്നതാണ് പ്രശ്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജി സുധാകന്റെ എഫ്ബി പോസ്റ്റ് വായിക്കണം. നിലപാട് വ്യക്തമാകുമെന്നും ജി സുധാകരന് പിന്തുണ വേണോ എന്നത് ഇന്ന് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




