NationalNews

മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിം സിംഗിനെ വെറുതെവിട്ടു

മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെവിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ട് ഏഴ് വർഷത്തിന് ശേഷമാണ് ഹൈക്കോടതി വിധി. 2002ൽ ഹരിയാനയിലെ സിർസയിലുള്ള വീടിന്റെ മുന്നിൽവച്ചാണ് ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. റാം റഹിമിനെതിരെ വാർത്ത നൽകിയതിലുള്ള വൈരാഗ്യമെന്നായിരുന്നു കേസ്. 2019ലാണ് കേസിൽ റാം റഹീമിനെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് റാം റഹീം ജയിലിൽ തന്നെ തുടരും.

ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇയാളുടെ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകളിൽ വിധി പറഞ്ഞത്. റാം റഹീമിനെ വെറുതെവിട്ടെങ്കിലും കേസിലെ മറ്റ് രണ്ട് പ്രതികൾ സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി. ശിക്ഷാവിധി റദ്ദാക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കുന്ന വിധിന്യായം പുറത്തുവരാനിരിക്കുന്നതേ ഉള്ളു.

സിർസയിൽ പൂരാ സച്ച് എന്ന പേരില്‍ പ്രാദേശിക പത്രം നടത്തിവരികയായിരുന്ന ഛത്രപതി ദേരാ സച്ചാ സൗദയെ കുറിച്ചുള്ള ആരോപണങ്ങൾ അതിൽ പ്രസിദ്ധീകരിച്ചിരുന്നു. ദേരയ്ക്കുള്ളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള കത്തുകളും ഛത്രപതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതാണ് ആൾദൈവത്തിന് എതിരെയുള്ള അന്വേഷണങ്ങളിലേക്ക് നയിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐക്ക് കൈമാറിയ കേസിൽ റാം റഹീമിന് കൂട്ടാളികൾക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button