സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതണം; എം സ്വരാജ്

തിരുവനന്തപുരം:ഇറാനെതിരായ ഇസ്രയേല്‍- അമേരിക്ക സംയുക്ത ആക്രമണത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതണമെന്ന് ആഹ്വാനം ചെയ്താണ് സ്വരാജിന്റെ പ്രതികരണം. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോള്‍ ഒരിക്കല്‍ക്കൂടി ലോകം അശാന്തമാകുകയാണ്. അമേരിക്കന്‍ -ഇസ്രയേല്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ പുറത്തുവരുന്ന വാര്‍ത്ത പെണ്‍കുട്ടികളുടെ സ്കൂള്‍ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതിന്റെയുമാണ്. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യര്‍ പരാജയപ്പെടുന്നു. മനുഷ്യത്വവുമെന്നും സ്വരാജ് കുറിച്ചു.
ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവര്‍, ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവര്‍, ഇറാന് ആണവായുധം നിര്‍മ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്. അമേരിക്കയും ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കള്‍. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്. കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണെന്നും സ്വരാജ് പറയുന്നു.
യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകള്‍ ഉയരണം. മാനവികതയുടെ മുദ്രാവാക്യങ്ങള്‍ ലോകത്തിനു വഴികാട്ടുമ്പോള്‍ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ, സാമ്രാജ്യത്വം തുലയട്ടെയെന്ന് സ്വരാജ് വ്യക്തമാക്കി.




