Business

പശ്ചിമേഷ്യ സംഘര്‍ഷം: സ്വര്‍ണവില കുതിപ്പ് തുടരുന്നു

പശ്ചിമേഷ്യയിലെ യുദ്ധഭീതിയും ആഗോള അനിശ്ചിതത്വവും തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 3,200 രൂപ കൂടി വര്‍ധിച്ച് വില 1,26,920 രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം പവന്‍ വിലയില്‍ 9,000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 400 രൂപ കൂടി ഉയര്‍ന്ന് 15,865 രൂപയായി. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതും പശ്ചിമേഷ്യയില്‍ സംഘര്‍ഷഭീതി ശക്തമായതുമാണ് സ്വര്‍ണവില കുതിപ്പിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ട സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലാകെ യുദ്ധസാഹചര്യം കടുത്തതും വിവിധ രാജ്യങ്ങള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയതും വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു.

ആഗോള തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തും പ്രകടമായത്. ആഗോള അസ്ഥിരതകള്‍ക്കിടയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും ആവശ്യകത വര്‍ധിപ്പിച്ചു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നതോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള ചെലവും കൂടിയതും ആഭ്യന്തര വിപണിയിലെ വിലവര്‍ധനയെ സ്വാധീനിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button