KeralaNews

തന്നെ പിന്തുണയ്ക്കുന്നവർക്കെതിരായ അതിക്രമങ്ങളിൽ പൊലീസിന്‍റെ നിഷ്ക്രിയത്വം; കുഞ്ഞികൃഷ്ണൻ

കണ്ണൂര്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താനൊരുങ്ങി വി കുഞ്ഞികൃഷ്ണന്‍. ബൈക്ക് കത്തിച്ച സംഭവത്തിലും റീത്ത് വച്ച സംഭവത്തിലും അന്വേഷണം നടത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ചാണ് സമരം നടത്തുന്നത്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നു എന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് കുഞ്ഞികൃഷ്ണന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ബൈക്ക് കത്തിച്ച കേസിലും ഭീഷണിപ്പെടുത്തിയ സംഭവത്തിലും പൊലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണെന്നും കുറ്റവാളികളെ കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞികൃഷ്ണന്‍ അറിയിച്ചിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തെന്നും പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ ആരോപണം.

വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ വിഷയം പാര്‍ട്ടിക്കുള്ളില്‍ വലിയ കോളിളക്കമാണ് തീര്‍ത്തത്. കുഞ്ഞികൃഷ്ണനെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ഫണ്ട് തിരിമറി അടക്കം വെളിപ്പെടുത്തുന്ന സ്വന്തം പുസ്തകവും അദ്ദേഹം പുറത്തിറക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button