
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒറ്റപ്പെട്ട സംഭവം മാത്രമാണിത്. ഇന്നും നാളെയും ഇന്നലെയും നടന്നാല്ലേ തുടര്‍ച്ചയായുള്ള സംഭവമായി കാണാന്‍ സാധിക്കൂ. ഇത് അഞ്ചുവര്‍ഷം മുന്‍പ് ഉണ്ടായതാണ്. അതിന് ശേഷം ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടന്നല്ലോ? അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍.
‘വീഴ്ചയൊക്കെ സ്വാഭാവികമായി ഉണ്ടാവും. അതിനാണ് നടപടിയെടുക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഒരു ഓപ്പറേഷന്‍ അല്ലല്ലോ, ലക്ഷക്കണക്കിന് ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ടല്ലോ. അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ. അത് കാണാതെ. ഇത് മാത്രം പര്‍വതീകരിക്കേണ്ട കാര്യമില്ല. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്ന സംസ്ഥാനമല്ലേ കേരളം. ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടാവും. ഇത് ചൂണ്ടിക്കാണിച്ച് എല്ലാ ഓപ്പറേഷനും തെറ്റാണെന്ന് പറയാന്‍ പറ്റുമോ? മാധ്യമങ്ങള്‍ക്ക് വേണ്ടത് സര്‍ക്കാരിനെതിരെ ഒരു വാര്‍ത്ത സൃഷ്ടിക്കുക എന്നതാണ്.’- എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
‘തുടര്‍ച്ചയായി സംഭവങ്ങള്‍ ഉണ്ടാവുന്നില്ല. ഇത് അഞ്ചുവര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അതുകൊണ്ട് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നു എന്ന് പറയാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട സംഭവമാണ്. ഇന്നും നാളെയും ഇന്നലെയും സംഭവിക്കുകയാണെങ്കില്‍ മാത്രമാണ് തുടര്‍ച്ചയായ സംഭവമായി കാണാന്‍ സാധിക്കൂ. ഇത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഓരോ ഡിപ്പാര്‍ട്ട്‌മെന്റും ഇനി മുന്നോട്ടുപോകുക. ആരോഗ്യമേഖല വളരെ സെന്‍സിറ്റീവ് ഏരിയയാണ്. നല്ലനിലയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. എങ്കിലും ചില അപൂര്‍വ്വ സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ വേണ്ട മുന്‍കരുതലുകളോട് കൂടി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്’- എം വി ഗോവിന്ദന്‍ പറഞ്ഞു.
‘ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ സ്വാഭാവികമായി ഉണ്ടാവുക ഇതിന്റെ ഭാഗമായുള്ള പ്രതികരണം കൂടിയായിരിക്കും. വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. സംഘര്‍ഷം ഉണ്ടാക്കാനാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. സമാധാനപരമായ അന്തരീക്ഷത്തില്‍ കേരളം പോകുകയാണ്. അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചന കൂടി യൂത്ത് കോണ്‍ഗ്രസിന്റെ പിന്നിലുണ്ട്. യുഡിഎഫ് കൂടി അറിഞ്ഞാണ് ചെയ്യുന്നത്.’- എം വി ഗോവിന്ദന്‍ ആരോപിച്ചു.



