BusinessCrimeNational

ജയിലില്‍ കിടന്നു മരിക്കുകയാണ് നല്ലത്; ഇനി പ്രതീക്ഷയില്ല: കോടതിയോട് കരഞ്ഞ് നരേഷ് ഗോയല്‍

മുംബൈ: കള്ളപ്പട ഇടപാടുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന് ഇനി പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയില്ല. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ജയിലില്‍ കിടന്നുമരിക്കുന്നതാണെന്നാണ് നരേഷ് ഗോയല്‍ കോടതിയോട് പറഞ്ഞത്.

കള്ളപ്പണ ഇടപാടു കേസില്‍ സെപ്റ്റംബറില്‍ അറസ്റ്റിലായ 74 വയസ്സുകാരനായ നരേഷ് ഗോയല്‍ (ഇപ്പോള്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. വായ്പ തിരിച്ചടയ്ക്കാതായതോടെ കനറാ ബാങ്ക് നല്‍കിയ പരാതിയിലാണ് സിബിഐ കേസെടുത്തത്.

പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നരേഷ് ഗോയല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശനിയാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തന്നെ വ്യക്തിപരമായി കേള്‍ക്കണമെന്ന് ഗോയല്‍ കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ജഡ്ജി ഗോയലിന്റെ അഭ്യര്‍ഥന അംഗീകരിച്ചതിനെത്തുടര്‍ന്നാണാണ് തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അര്‍ബുദരോഗം ബാധിച്ച ഭാര്യ അനിതയുടെ അവസ്ഥ മോശമാണെന്നും ജഡ്ജിയോട് പറഞ്ഞത്. ഭാര്യ കിടപ്പിലാണെന്നും ഏകമകളും അസുഖബാധിതയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ സഹായിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പരിമിതിയുണ്ട്. മുട്ടുകള്‍ക്ക് നീരും വേദനയും ഉണ്ട്. കാലു മടക്കാന്‍ കഴിയുന്നില്ല. മൂത്രമൊഴിക്കുമ്പോള്‍ കടുത്ത വേദനയാണെന്നും പലപ്പോഴും രക്തവും പോകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സഹായം പോലും തേടാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ആരോഗ്യം വളരെ മോശമായി. ജെ.ജെ. ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതുകൊണ്ടു കാര്യമില്ല. ആര്‍തര്‍ റോഡ് ജയിലില്‍നിന്ന് മറ്റു തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ആശുപത്രിയിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. പലപ്പോഴും വളരെ നീണ്ട ക്യൂവില്‍ നിന്നാണ് ഡോക്ടറുടെ അടുത്തേക്ക് എത്തുക. തുടര്‍പരിശോധനകളും സാധ്യമാകുന്നില്ല. ഇതു ആരോഗ്യത്തെ ബാധിക്കുന്നു. അനിത അതീവഗുരുതരനിലയിലാണ്. പരിചരിക്കേണ്ട മകളും മോശം ആരോഗ്യനിലയിലാണ്. ജെ.ജെ. ആശുപത്രിയിലേക്കു വിടേണ്ട. ജയിലില്‍ക്കിടന്ന് മരിക്കാന്‍ അനുവദിക്കണം. 75 വയസ്സാകുകയാണ്. ഇനി ജീവിതത്തെക്കുറിച്ചു പ്രതീക്ഷയില്ല. ജയിലില്‍ക്കിടന്ന് മരിക്കുകയാണെങ്കില്‍ വിധിയെങ്കിലും രക്ഷപ്പെടുത്തും. കോടതിയില്‍ ഹാജരാകാന്‍പോലും ആരോഗ്യം അനുവദിക്കുന്നില്ല. പക്ഷേ, ഇത്തവണ ഹാജരായത് എല്ലാ വിവരങ്ങളും കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ്. ഇനി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെടില്ല” അദ്ദേഹം ജഡ്ജിയോടു പറഞ്ഞു.

”ക്ഷമയോടെ ഞാന്‍ അദ്ദേഹത്തെ കേട്ടു. സംസാരിക്കുമ്പോള്‍ ശരീരമാകെ വിറയ്ക്കുകയാണ്. നില്‍ക്കുന്നതിനുപോലും നരേഷിന് സഹായം വേണം. അദ്ദേഹത്തിന്റെ മാനസിക, ശാരീരിക ആരോഗ്യത്തിനു വേണ്ട എല്ലാ ശ്രദ്ധയും നല്‍കും” ഗോയലിനെ കേട്ടശേഷം ജഡ്ജി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഗോയലിന്റെ അഭിഭാഷകരോട് കോടതി നിര്‍ദേശിച്ചു.

ജെറ്റ് എയര്‍വേയ്‌സിന് വിവിധ ബാങ്കുകള്‍ നല്‍കിയ 848.86 കോടി രൂപയുടെ വായ്പയില്‍ 538.6 കോടി രൂപയാണ് കുടിശിക വന്നത്. പണം അനുബന്ധ സ്ഥാപനങ്ങളിലേക്കു വകമാറ്റിയെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്. കടക്കെണിയിലായതിനെ തുടര്‍ന്ന് 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button