Kerala
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി. നിയമസഭയിൽ എ പി അനിൽകുമാർ എംഎൽഎ കേസുകളുടെ വിവരം ചോദ്യമായി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി മറുപടി നൽകാത്തതിനാൽ എംഎൽഎ സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തു. തുടർന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
രണ്ടുദിവസം മുൻപ് നിയമസഭാ വെബ്സൈറ്റിൽ മറുപടി അപ്‌ലോഡ് ചെയ്തു. 2634 കേസുകളിലായി 29,119 പേർക്കെതിരെ കേസെടുത്തു. ഒഴിവാക്കിയതും പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമായ കേസുകളുടെ എണ്ണം 1047. 692 കേസുകൾ കോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2021-ൽ ഫെബ്രുവരിയിൽ ശബരിമല, പൗരത്വ പ്രക്ഷോഭ സമര കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവിറക്കി അഞ്ചുവർഷം കഴിഞ്ഞിട്ടും 1587 കേസുകൾ പിൻവലിച്ചിട്ടില്ലന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തം.




