രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തരുത്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന മുന്നറിയിപ്പ്

സര്‍ക്കാരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും രേഖകളും മാധ്യമങ്ങളിലേക്കോ അനധികൃതമായി പുറത്തേക്കോ ചോര്ക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്കി. രഹസ്യ വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മൂന്ന് പേജുകളുള്ള സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
കരസേനയുടെ മുന്‍ മേധാവി ജനറല്‍ എം. എം. നര്‍വണേയുടെ പുസ്തകവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളും രേഖകളും സംരക്ഷിക്കുന്നത് ഓരോ സര്‍ക്കാര്‍ ജീവനക്കാരുടെയും ബാധ്യതയാണെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന് നാണക്കേടുണ്ടാക്കാനും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഭീഷണിയാകാനും ഇടയാക്കുന്ന തരത്തിലുള്ള രഹസ്യവിവര ചോര്‍ച്ചകള്‍ ഗുരുതരമാണെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്കുന്നു. അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളെല്ലാം സര്‍ക്കുലര്‍ അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.



