News

ആദിത്യയുടെ മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ്

കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. കുട്ടി കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു. ആത്മഹത്യ കുറിപ്പിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എസ് പി വ്യക്തമാക്കി.

ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടേയുള്ളൂ. ഫലം വരാന്‍ സമയമെടുക്കും. കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്തു. കൊറിയന്‍ സുഹൃത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മൊഴി ലഭിച്ചിട്ടില്ല. മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ബ്ലാക്ക് വെനത്തെ കുറിച്ച് അറിയില്ല. കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പുറത്തുവരുന്നത് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ്. ഫോണിലെ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂവെന്നും കെ എസ് സുദര്‍ശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ് രംഗത്തെത്തിയിരുന്നു. ബ്ലാക്ക് വെനം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് ആദിത്യയുടെ സുഹൃത്തുക്കളാകാമെന്നും അതാണ് മകള്‍ മരിച്ചതിന് പിന്നാലെ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതെന്നും പിതാവ് പറഞ്ഞു. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നും ആദിത്യയുടെ പിതാവ് പറഞ്ഞിരുന്നു. മാധ്യമങ്ങളോടായിരുന്നു പിതാവിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button