റാപ്പിഡ് റെയില്‍ പദ്ധതിക്ക് പ്രാഥമിക അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

സംസ്ഥാനത്ത് റാപ്പിഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി പ്രാഥമിക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള ധനസഹായവും കേന്ദ്രസര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനുമാണ് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്ത് നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതിക്ക് കേന്ദ്രാനുമതി ഉറപ്പാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.
ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭായോഗം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം ആര്‍.ആര്‍.ടി.എസ് അഥവാ റാപ്പിഡ് റെയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന ബജറ്റിലും പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉള്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി-മീരറ്റ് അതിവേഗ പാതയുടെ മാതൃകയിലാണ് കേരളം റാപ്പിഡ് റെയില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി അതിവേഗ റെയില്‍ പദ്ധതിയുടെ നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്ത് റാപ്പിഡ് റെയില്‍ നടപ്പാക്കുന്നതിന് കേന്ദ്രം സന്നദ്ധമാണെന്ന് സെപ്റ്റംബറില്‍ കൊച്ചിയില്‍ നടന്ന അര്‍ബണ്‍ കോണ്‍ക്ലേവില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതും പരിഗണിച്ചാണ് മുഖ്യമന്ത്രി അനുമതി തേടി കത്തയച്ചത്.




