NationalPolitics

ഭ​ഗവാൻ ശ്രീരാമൻ മാംസാഹാരി; രാമൻ നമ്മുടെയാളാണ്, പിന്നാക്കക്കാരൻ”- വിവാദ പ്രസ്താവനയുമായി എൻസിപി നേതാവ്

ഭ​ഗവാൻ ശ്രീരാമൻ മാംസാഹാരിയായിരുന്നെന്ന് എൻസിപി നേതാവ് (ശരദ് പവാർ വിഭാഗം) ഡ‍ോ. ജിതേന്ദ്ര അവാദ്. മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു ചടങ്ങിൽ വെച്ചായിരുന്നു അവാദിന്റെ ഈ പരാമർശം. “ഭഗവാൻ രാമൻ വെജിറ്റേറിയനല്ലായിരുന്നു. അദ്ദേഹം നോൺ വെജിറ്റേറിയനായിരുന്നു. പതിന്നാലു വർഷം കാട്ടിൽ കഴിഞ്ഞ ഒരാൾക്ക് എവിടെനിന്നാണ് വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുന്നത്,” അദ്ദേഹം ചോദിച്ചു.

രാമൻ ദളിതരുടെയും പിന്നാക്കക്കാരുടെയും രാജാവായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മൾ ചരിത്രം വായിക്കുന്നില്ല. രാഷ്ട്രീയത്തിനു വേണ്ടി എല്ലാം മറക്കുന്നു. രാമൻ നമ്മുടേതാണ്. വേട്ടയാടി ഭക്ഷണം കണ്ടെത്തുമായിരുന്ന നാം സാധാരണക്കാരുടേതാണ് രാമൻ.”

ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നടക്കുമ്പോൾ സംസ്ഥാനത്ത് എല്ലാവരും വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കണമെന്ന് ഉത്തരവിടാൻ ബിജെപി എംഎൽഎ രാം കദം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് എഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോ. ജിതേന്ദ്ര അവാദിന്റെ പ്രതികരണം.

അതെസമയം രാമൻ മാംസാഹാരിയായ പിന്നാക്കക്കാരനായിരുന്നു എന്ന പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോടിക്കണക്കിനാളുകളുടെ വികാരങ്ങളെ അവമതിക്കുകയാണ് അവാദ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു. രാമൻ മാംസാഹാരിയായിരുന്നു എന്നതിന് എന്ത് തെളിവാണ് ജിതേന്ദ്ര അവാദിന്റെ പക്കലുള്ളതെന്ന് ബിജെപി എംഎൽഎ രാം കദം ചോദിച്ചു.

എൻസിപിയുടെ ഏക്നാഥ് ഷിൻജഡെ പക്ഷവും അവാദിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ താൻ വിവാദമാക്കാനുള്ള ഒന്നും പറഞ്ഞിട്ടില്ലെന്ന് അവാദ് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button