അജിത്ത് പവാറിന്റെ മരണം; വിദേശ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം

അജിത്ത് പവാറിന്റെ മരണത്തില്‍ വിദേശ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കാന്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗം നീക്കം തുടങ്ങി. അജിത് പവാറിന്റെ അനന്തരവന്‍ കൂടിയായ രോഹിത് പവാര്‍ ഡല്‍ഹിയിലും വാര്‍ത്താസമ്മേളനം നടത്തും. അതേസമയം അജിത് പവാറിന്റെ ഭാര്യയും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ സുനേത്രാ പവാര്‍ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും.
അപകടത്തില്‍ ചോദ്യങ്ങളുമായി അനന്തരവന്‍ രോഹിത് പവാര്‍ രം??ഗത്തെത്തി. വിമാനത്തിന് സാങ്കേതിക പ്രശ്‌നമാണോ എന്നുള്ളത് പരിശോധിക്കണം. വിമാനം പറന്നുയരുന്നതിനു മുന്‍പ് എന്തുകൊണ്ട് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയില്ല. വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍ അടക്കം കാട്ടിയാണ് രോഹിത് പവാറിന്റെ ആരോപണം. അവസാന നിമിഷം പൈലറ്റിനെ മാറ്റിയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണം. രണ്ടുവര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ നടന്ന അപകടത്തെപ്പറ്റി യാതൊരു അന്വേഷണം നടത്തിയിട്ടില്ലെന്ന് രോഹിത് പവാര്‍ പറഞ്ഞു.
എന്തിന് മദ്യപാനിയായ പൈലറ്റിനെ അവസാന നിമിഷം യാത്രയ്ക്ക് നിയോഗിച്ചു. എന്തിന് ടേബിള്‍ ടോപ് റണ്‍വേക്കായി പൈലറ്റ് വാശിപിടിച്ചു. കാഴ്ചാ പരിധി കുറവായിട്ടും വിമാനം ഇറക്കാന്‍ ശ്രമിച്ചത് എന്തിന് തുടങ്ങി അക്കമിട്ട ചോദ്യങ്ങളാണ് രോഹിത് പവാര്‍ ഇന്നലെ മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. തലേന്ന് പൂനെയിലേക്ക് പോവേണ്ടിയിരുന്ന അജിത് പവാറിന്റെ യാത്ര അപടകം നടന്ന ദിവസത്തേക്ക് മാറ്റിയത് കിഴക്കന്‍ വിദര്‍ഭയില്‍ നിന്നുള്ള നേതാവ് കാരണമെന്നും ആരോപിച്ചു.
പൊലീസല്ല വിദേശത്തെ ഉന്നതമായ വ്യോമ ഏജന്‍സികളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കേണ്ടതെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ശക്തമായി ഉന്നയിക്കാനാണ് രോഹിത് പവാറിന്റെ ശ്രമം. അതേസമയം അപകടമല്ല അട്ടിമറിയെന്ന രോഹിത് പവാറിന്റെ വെളിപ്പെടുത്തലുകളോട് അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറോ മക്കളോ പ്രതികരിച്ചിട്ടില്ല. പ്രഫുല്‍ പട്ടേല്‍ അടക്കമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷ നേതാക്കളും മൌനത്തിലാണ്. അപകടമുണ്ടായ വിമാനം ഏര്‍പ്പാടാക്കിയ വിഎസ്ആര്‍ കമ്പനിയില്‍ ഡിജിസിഎ നടത്തുന്ന സുരക്ഷാ ഓഡിറ്റ് തുടങ്ങി. മറ്റ് ചാര്‍ട്ടേഡ് വിമാനക്കമ്പനികളിലും പരിശോധന നടത്തും. ഈ മാസം എല്ലാ പരിശോധനയും പൂര്‍ത്തിയാക്കുമെന്നാണ് ഡിജിസിഎ അറിയിച്ചത്.




