
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച് ആശയക്കുഴപ്പം തുടരുന്നു. വിഎസ്എസ്സി നടത്തിയ സാമ്പിള്‍ പരിശോധനയിലെ അന്തിമ ഫലം വന്നെങ്കിലും സ്വർണം പൊതിഞ്ഞ ചെമ്പു പാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഫലത്തിലും ഈ ഫലത്തിലും ഇല്ല. ആശയക്കുഴപ്പം തീർക്കാനായി ശബരിമലയിലെ സ്വർണപാളികളുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും. നഷ്ടമായ സ്വർണത്തിൻെറ ഏകദേശ കണക്കും തുടർ പരിശോധനയുടെ ആവശ്യവും വ്യക്തമാക്കി അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.
ശബരിമലയിൽ നിന്നും കടത്തികൊണ്ടുപോയ പാളികള്‍ മറിച്ച് വിറ്റ് പുതിയത് സ്ഥാപിച്ചോയെന്ന കാര്യത്തിലെ ദുരൂഹത മാറുന്നില്ല. ശാസ്ത്രീയ പരിശോധന ഫലത്തിൻെറ അന്തിമ റിപ്പോർട്ട് വരുമ്പോള്‍ ഉത്തരം വ്യക്തമാകുമെന്നായിരുന്നു എസ്ഐടിയുടെ പ്രതീക്ഷ. പക്ഷെ ഇപ്പോഴും സംശയങ്ങള്‍ ബാക്കി. മെർക്കുറി ഉപയോഗിച്ചാണ് 98ൽ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞത്. എന്നാൽ ചില പാളികളിൽ മെർക്കുറിയുടെ അംശം തീരെ കാണുന്നില്ല. ശബരിമലയിലെ സ്ട്രോങ് റൂമിലുണ്ടായിരുന്ന പഴയ വാതിലിൽ നിന്നും സാമ്പിളും ശേഖരിച്ച് താരതമ്യ പരിശോധന നടത്തിയിരുന്നു. എങ്കിലും ചെമ്പു പാളികൾ പൂർണമായി മാറ്റിയിട്ടുണ്ടോയെന്ന നിർണായക ചോദ്യത്തിന് വ്യക്തമായ ഉത്തരം റിപ്പോർട്ടിൽ ഇല്ല.
ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും നടത്തിയ കൊള്ളയുടെ ആഴം മനസ്സിലാക്കണമെങ്കിൽ ഇക്കാര്യം വ്യക്തമായേ മതിയാവൂ. അതിനാൽ വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാനും ആധുനിക സംവിധാനങ്ങള്ള മറ്റൊരു ലാബിലേക്ക് അയച്ച് വിശദ പരിശോധന നടത്താനുമാണ് എസ്ഐടി യുടെ നീക്കം. മാസപൂജക്കായി അടുത്ത ആഴ്ച നട തുറന്ന ശേഷം സാമ്പിളുകള്‍ ശേഖരിക്കും.



