
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ഈ ബജറ്റ് കേരളത്തോടുള്ള വെറും അവഗണനയല്ല, മറിച്ച് ഒരു യുദ്ധപ്രഖ്യാപനമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് (AIIMS) ഉൾപ്പെടെയുള്ള ഒരു പദ്ധതിയും കേന്ദ്രം അംഗീകരിക്കുന്നില്ല. അതിവേഗ റെയിൽവേയുടെ കാര്യത്തിലും സമാനമായ നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇ. ശ്രീധരൻ തയ്യാറാക്കിയ റെയിൽ പദ്ധതി പോലും പരിഗണിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി നടത്തുന്ന ‘വികസന മുന്നേറ്റ ജാഥ’ ഫെബ്രുവരി 12-ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്നേ ദിവസം പര്യടനം നടത്തില്ല എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കള്ളപ്രചാരണങ്ങളെയും ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ഇത്തരം കുപ്രചാരണങ്ങളെ അവർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ഈ വികസന ജാഥ കരുത്തുപകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.




