
രാജ്യത്തെ പുകയില ഉപഭോക്താക്കളുടെ കീശ ചോരുന്ന വാർത്തയുമായാണ് ഫെബ്രുവരി ഒന്ന് പിറന്നത്. പുകയില ഉൽപ്പന്നങ്ങളുടെയും പാൻ മസാലയുടെയും നികുതി കുത്തനെ വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കർശനമായ നിയന്ത്രണങ്ങളിലൂടെ ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
2017 ജൂലൈ മുതൽ നിലവിലുണ്ടായിരുന്ന ജിഎസ്ടി കോമ്പൻസേഷൻ സെസ് രീതിക്ക് പകരമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 28 ശതമാനം ജിഎസ്ടിക്ക് പുറമെ, എക്സൈസ് തീരുവയും പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ‘ആരോഗ്യ-ദേശീയ സുരക്ഷാ സെസും’ (Health and National Security Cess) പുതുതായി ഏർപ്പെടുത്തി. ഇതോടെ സിഗരറ്റിന്റെ നികുതി ഭാരം നിലവിലുണ്ടായിരുന്ന 50-55 ശതമാനത്തിൽ നിന്നും 60-70 ശതമാനമായി ഉയരും.
സിഗരറ്റുകളുടെ നീളവും തരവും അനുസരിച്ചാണ് എക്സൈസ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. 1000 സ്റ്റിക് സിഗരറ്റുകൾക്ക് 250 രൂപ മുതൽ 8500 രൂപ വരെയും, ചില പ്രത്യേക വിഭാഗങ്ങളിൽ ഇത് 11,000 രൂപ വരെയും ഉയരാം.ചെറിയ സിഗരറ്റുകൾ (65 മി.മീ വരെ): ഒരു സ്റ്റിക്കിന് ഏകദേശം 2.05 രൂപ എക്സൈസ് തീരുവ. ഫിൽറ്റർ സിഗരറ്റുകൾ: ഒന്നിന് 2.10 രൂപ നിരക്കിൽ വർദ്ധനവ്. ഇടത്തരം സിഗരറ്റുകൾ: ഒരു സ്റ്റിക്കിന് ഏകദേശം 4 രൂപ.നീളമേറിയവ: സ്റ്റിക്കിന് 5.40 രൂപ വരെ അധികം നൽകേണ്ടി വരും.



