വിളപ്പിൽശാല സി.എച്ച്.സിയിൽ ചികിത്സാ വൈകി രോഗി മരിച്ച സംഭവം : ഡോക്ടറെ രക്ഷിക്കാൻ നീക്കമെന്ന് പരാതി

വിളപ്പിൽശാല: വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ രക്ഷിക്കാൻ നീക്കങ്ങൾ നടക്കുന്നതായി പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി തുടർ നടപടികൾക്കായി ആരോഗ്യ വകുപ്പ് ഡയറക്ടർക്കു കൈമാറിയിട്ടുണ്ട്.
കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ 19-ാം തീയതി പുലർച്ചെയാണ് ബിസ്മിർ (37) വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. എന്നാൽ ആ സമയത്ത് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഡോക്ടറും ജീവനക്കാരും ഉറക്കത്തിലായിരുന്നുവെന്നാണ് ആരോപണം. ഇതോടെ അടിയന്തിര ചികിത്സ ആവശ്യമായിരുന്ന രോഗിക്ക് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.
രോഗിയോടൊപ്പം ഉണ്ടായിരുന്ന ഭാര്യയുടെ വിളി ഏറെ നേരത്തിന് ശേഷമാണ് ജീവനക്കാർ ശ്രദ്ധിച്ചത്. തുടർന്ന് ആശുപത്രിക്കുള്ളിൽ പ്രവേശിച്ചെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കാൻ വീണ്ടും ദീർഘനേരം കാത്തിരിക്കേണ്ടിവന്നു. രോഗി കുഴഞ്ഞുവീഴുന്ന നിലയിലായതോടെയാണ് ഡോക്ടർ എത്തി പരിശോധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് രോഗി മരിക്കുകയായിരുന്നു.
ചികിത്സയ്ക്കായി കാത്തുനിൽക്കുന്ന സമയത്ത് സമയബന്ധിതമായ ചികിത്സയും തുടർ നടപടികളും ഉണ്ടായിരുന്നെങ്കിൽ ബിസ്മിറിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സുരക്ഷയുടെ പേരിൽ ഗേറ്റ് അടച്ചിടുന്നതും ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നതും ചികിത്സ വൈകിപ്പിക്കുന്നതും നിയമപരമായി അംഗീകരിക്കാനാവില്ലെന്നും ജയ്‌സിങ് ചൂണ്ടിക്കാട്ടി.
സംഭവം സ്വാഭാവിക മരണമെന്ന് വരുത്താൻ ശ്രമങ്ങൾ നടക്കുന്നതായും ഡ്യൂട്ടി ഡോക്ടർക്കെതിരെ ചികിത്സ വൈകിപ്പിച്ച കുറ്റത്തിന് കേസെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ആരോപണ വിധേയരുമായി പരിചയമുള്ള സംഘമാണ് അന്വേഷണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
ഡോക്ടർ സംഘടനയുടെ ഇടപെടൽ മൂലം അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുകയാണെന്നും ഇത് തടയണമെന്നും ജയ്‌സിങ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അടിയന്തിര ചികിത്സ വൈകിപ്പിക്കരുതെന്ന് ഡോക്ടർമാർക്ക് കർശന നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



