കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി

കണ്ണൂര്‍ തയ്യില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മയും ഒന്നാം പ്രതിയുമായ ശരണ്യ കുറ്റക്കാരി. രണ്ടാം പ്രതി ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതെ വിട്ടു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു. ഈ മാസം 21 ന് വിധി പറയും.
ബന്ധത്തിന്റെ പേരില്‍ നിധിന്‍ കൊലപാതകത്തിന് നിര്‍ബന്ധിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഫോണ്‍ വിളികളാണ് പ്രധാന തെളിവ്. കൊലപാതകം നടക്കുന്നതിന് മുന്‍പ് ശരണ്യയും നിധിനും നിരന്തരം വിളിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി 10 മുതല്‍ രാവിലെ 10 വരെ ഇരുവരും ഫോണ്‍ വിളിച്ചിട്ടില്ല. വസ്ത്രത്തില്‍ ഉപ്പ് വെള്ളം പറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യയ്ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.
മുലപ്പാല്‍ നല്‍കി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം നടത്തിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എല്ലാം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം രാഷ്ട്രീയ നിയമനം പോലെ ആകരുതെന്നും കോടതി വിമര്‍ശിച്ചു.
2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു. ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്.




