ഹോട്ടലിലെത്തിയതായി സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തിരുവല്ലയിലെ ഹോട്ടലില്‍ എസ്‌ഐടി തെളിവെടുപ്പ്

പത്തനംതിട്ട: യുവതിയുമായി ഹോട്ടലില്‍ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ . അതിജീവിതയുമായി സംസാരിക്കാനാണ് ഹോട്ടലിലെത്തിയതെന്നാണ് രാഹുല്‍ പറഞ്ഞത്. പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മൗനം പാലിച്ചുവെന്നാണ് സൂചന. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലിലെത്തിച്ചാണ് എസ്‌ഐടി തെളിവെടുത്തത്. ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയില്‍ എത്തിയിരുന്നതായും രാഹുല്‍ പൊലീസിനോടു സമ്മതിച്ചു.
2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. ഹോട്ടല്‍ രജിസ്റ്ററില്‍ നിന്നും രാഹുല്‍ ബി ആര്‍ എന്ന പേരും എസ്‌ഐടി കണ്ടെത്തി. ഇതാണ് രാഹുലിന്റെ യഥാര്‍ത്ഥ പേര്. ഹോട്ടലിലെ പീഡനം നടന്ന മുറിയിലെത്തിച്ചും തെളിവെടുത്തു. പതിനഞ്ചു മിനിറ്റാണ് ഹോട്ടലില്‍ രാഹുലിനെയെത്തിച്ച് തെളിവെടുത്തത്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോൾ ചിരിമാഞ്ഞിരുന്നു. ഹോട്ടൽ രജിസ്റ്ററിൽ സംഭവദിവസം 408–ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്. ഒപ്പമുണ്ടായിരുന്ന ആളുടെ പേര് രാഹുൽ ബി ആർ എന്നുമാണ്. സംഭവദിവസം ഇവർ ഹോട്ടലിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാൽ, ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.




