‘ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞു’ : പ്രവാസി വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. തനിക്കും ആന്റിക് ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ ഡി മണിയിൽ നിന്നും ഈ അമൂല്യ വസ്തുക്കൾ കാണാനായി ഡിണ്ടിഗലിലുള്ള വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഒരു ചാക്കിൽ കെട്ടിയ നിലയിലാണ് ഈ വസ്തുക്കൾ ഉണ്ടായിരുന്നത്. ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് മണി പറഞ്ഞത്. എന്നാൽ, ഈ വസ്തുക്കൾ തുറന്ന് കാണാൻ കഴിഞ്ഞില്ലെന്നും പ്രവാസി വ്യവസായി പറയുന്നുണ്ട്. വിലപേശലിലുള്ള തർക്കം മൂലം പിന്നീട് ആ ബിസിനസ് നടക്കാതെ പോയതാണെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി.
നാളെ ഡി മണി അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. ആദ്യം താൻ ഡി മണി അല്ലെന്നും എംഎസ് മണിയാണ് എന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ, ഇയാൾ ഡി മണി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തോട് സഹകരിക്കാൻ തയാറാകാതിരുന്ന ഇയാൾ നാളെ ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാകാമെന്നും അറിയിച്ചിരിക്കുകയാണ്.




