എം എൽ എ ഓഫീസ് തർക്കം;വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമല്ലെന്ന് വി വി രാജേഷ്

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമല്ല. കോർപ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുൻ എൽഡിഎഫ് കൗൺസിലർ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോൾ പ്രശാന്ത് ഇരിക്കുന്നത്. ആർ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചത്. ചർച്ചവന്ന സ്ഥിതിക്ക് രേഖകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
300 സ്ക്വയർ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്.ഇങ്ങനെ സ്വകാര്യ വ്യക്തികൾക്ക് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.എൽ.എ ഓഫീസിന് ഇളവ് നൽകാവുന്നതാണ്.
രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാം. സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞു വാടകയ്ക്ക് കൊടുത്തിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തും. നികുതിപ്പണം പിരിഞ്ഞു കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും. സിറ്റിയുടെ ഉൾഭാഗങ്ങളിൽ ഇപ്പോഴും ഇലക്ട്രിക് ബസിന്റെ ആവശ്യമുണ്ട്. കേന്ദ്ര സർക്കാർ നൽകിയ ബസുകളുടെ വിവരങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം ശാസ്തമംഗലത്തെ എം.എൽ.എ. ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. കോർപറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗൺസിലറുടെ ഓഫീസ് പ്രവർത്തിക്കേണ്ട സ്ഥലമാണെന്നും ആർ. ശ്രീലേഖ പറഞ്ഞു. വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും ഒരു മുറി വിട്ടു തരണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞു.




