
തൃശൂര്‍ മേയര്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. നാലു പ്രാവശ്യം ലാലി ജെയിംസ് മത്സരിച്ചില്ലേ?. ആര്‍ക്കാണ് അവര്‍ പെട്ടി കൊടുത്തത്. മേയറിന് കാശുമേടിക്കാമെങ്കില്‍ സീറ്റ് നല്‍കുന്നതിനും മേടിച്ചുകൂടേ ?. അങ്ങനെയെങ്കില്‍ ആര്‍ക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി ജെയിംസ് വ്യക്തമാക്കട്ടെയെന്ന് ജോസഫ് ടാജറ്റ് പ്രതികരിച്ചു.
അവര്‍ പാവപ്പെട്ടവരാണെന്ന് പറയുമ്പോള്‍, അതു തന്നെയല്ലേ പാര്‍ട്ടിയുടെ മാനദണ്ഡമെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. കോണ്‍ഗ്രസിന്റെ മാനദണ്ഡം അവരു തന്നെ പറഞ്ഞു. മേയറെ നിശ്ചയിച്ചത് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനമാണ്. കൗണ്‍സിലേഴ്‌സുമായി സംസാരിച്ചശേഷം എടുത്ത തീരുമാനമാണത്. ഇക്കാര്യത്തില്‍ ബോധ്യപ്പെടുത്തേണ്ടത്, കെപിസിസിയില്‍ എനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട മുതിര്‍ന്ന ഭാരവാഹികളെയാണ്. ആരോപണങ്ങളില്‍ വൈകാരികമായിട്ടല്ല പ്രതികരിക്കേണ്ടതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കെപിസിസിയെ സമീപിക്കാം. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തീരുമാനമെടുത്തത്. ഗുരുതര ആരോപണങ്ങളില്‍ പാര്‍ട്ടിയെ സംബന്ധിച്ച് എന്താണ് നടപടിക്രമങ്ങള്‍ എന്ന് പരിശോധിക്കും. ഉചിതമായ നടപടികള്‍ നേതൃത്വവുമായി ആലോചിച്ച് സ്വീകരിക്കും. എന്താണ് സംഭവിച്ചിട്ടുള്ളത്, അവരെന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നതടക്കം പാര്‍ട്ടി പരിശോധിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. കെ സി വേണുഗോപാലിനും ദീപാദാസ് മുന്‍ഷിക്കുമെതിരെ എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ മേയര്‍ പദവി പണം വാങ്ങി വിറ്റുവെന്നാണ് കൗണ്‍സിലറായ ലാലി ജെയിംസ് ആരോപിച്ചത്. ഭരണത്തില്‍ മുന്‍പരിചയം ഇല്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതാണ് ലാലി ജെയിംസിനെ ചൊടിപ്പിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് വാങ്ങാനും ലാലി ജെയിംസ് കൂട്ടാക്കിയിരുന്നില്ല. അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ പ്രതികരിച്ചത്. ആരോപണങ്ങളിൽ പാർട്ടി നേതൃത്വം മറുപടി നൽകുമെന്നും നിജി കൂട്ടിച്ചേർത്തു. തൃശൂര്‍ കോര്‍പറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗണ്‍സിലറായി ജയിച്ചത്.


