KeralaNews

ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി തൃശൂര്‍ നിയുക്ത മേയര്‍ ഡോ. നിജി ജസ്റ്റിന്‍

ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി തൃശൂര്‍ നിയുക്ത മേയര്‍ ഡോ. നിജി ജസ്റ്റിന്‍. വിവാദങ്ങളോട് പ്രതികരിക്കാനില്ല. മേയര്‍ തെരഞ്ഞെടുപ്പും, തുടര്‍ന്ന് മുന്നോട്ടു പോകാനുള്ള കാര്യങ്ങളുമാണ് തന്റെ മുന്നിലുള്ളത്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. ഇത്തരം ആരോപണങ്ങളില്‍ ഡിസിസി, കെപിസിസി, അതിനു മുകളിലുള്ള ലീഡര്‍ഷിപ്പ് തുടങ്ങിയവര്‍ പ്രതികരിക്കുമെന്ന് ഡോ. നിജി ജസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1999 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതാണ്. 2000 ല്‍ കിഴക്കുംപാട്ടുകര വാര്‍ഡ് താന്‍ ചോദിച്ചിരുന്നതാണ്. അതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി 2004 മുതല്‍ 2007 വരെ പ്രവര്‍ത്തിച്ചിരുന്നു. 2007 മുതല്‍ 2009 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിലെ ഏക വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ടി സിദ്ദിഖിന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് മലപ്പുറം ജില്ലയുടെ ചുമതലയാണ് നല്‍കിയിരുന്നത്. പാർട്ടിക്ക് വേണ്ടി ജില്ലയ്ക്ക് പുറത്തും പ്രവർത്തിച്ചിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയ്ക്കും കീഴില്‍ മഹിളാ കോണ്‍ഗ്രസില്‍ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ ഒല്ലൂര്‍ നിയമസഭ സീറ്റില്‍ പരിഗണിച്ചിരുന്നു. രണ്ടുമൂന്നു ദിവസം ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തശേഷമാണ് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായത്. 2014 ഡിസംബര്‍ മുതല്‍ തൃശൂര്‍ ഡിസിസിയുടെ ഏക വനിതാ വൈസ് പ്രസിഡന്റാണ്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. ഇക്കാര്യങ്ങളെല്ലാം തൃശൂരിലെ ജനങ്ങള്‍ക്ക് അറിയാം.

ഡല്‍ഹിയില്‍ അടുത്ത് പോയിട്ടുണ്ടോയെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോയി ആര്‍ക്കും അന്വേഷിക്കാവുന്നതാണ്. ആരോപണങ്ങളെപ്പറ്റിയൊന്നും പ്രതികരിക്കാനില്ല. ഇതിനെല്ലാം പാര്‍ട്ടി നേതൃത്വമാണ് മറുപടി പറയേണ്ടത്. വിവാദങ്ങളെല്ലാം നേരിട്ടാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. പാര്‍ട്ടി ഇപ്പോള്‍ വിശ്വസിച്ച് ഒരു ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്. അത് കൂട്ടായ പരിശ്രമത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പുറത്തു നിന്നും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. നിജി ജസ്റ്റിന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button