ശബരിമല വരുമാനം റെക്കോഡിലേക്ക്, 210 കോടി രൂപയായി, അരവണ വിതരണത്തിലെ നിയന്ത്രണം തുടരും

ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ്. അരവണ വില്‍പ്പനയിലൂടെ ലഭിച്ച 106 കോടി രൂപ ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. വലിയ പ്രശ്നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ശബരിമലയിലെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരുമെന്നും പ്രസിഡന്റ് അറിയിച്ചു. ഒരാള്‍ക്ക് 20 ടിന് അരവണ നല്കുന്ന തീരുമാനം തുടരും. എല്ലാവര്ക്കും അരവണ ലഭ്യമാക്കുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പന്മാര്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക. ഈ സമയത്ത് കൂടുതല്‍ അരവണ ഉത്പാദിപ്പിച്ച് കരുതല്‍ശേഖരം വര്‍ധിപ്പിക്കാനാകും.
തീര്‍ഥാടനകാലത്തിന്റെ ആദ്യ ആഴ്ചയില്‍ അരവണ വില്‍പ്പനയില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലായിരുന്നു. 45 ലക്ഷം അരവണ കരുതല്‍ ശേഖരവുമായാണ് ഈ വര്‍ഷത്തെ തീര്‍ഥാടന കാലം ആരംഭിച്ചത്. എന്നാല്‍ അഭൂതപൂര്‍വ്വമായ അരവണ വില്‍പ്പനയാണ് ഉണ്ടായത്. 3.5 ലക്ഷം ടിന് അരവണ വില്‍പ്പനയാണ് ഒരു ദിവസം പ്രതീക്ഷിച്ചതെങ്കിലും ശരാശരി നാലര ലക്ഷം അരവണയാണ് വിറ്റത്. ഇത് കരുതല്‍ ശേഖരം പെട്ടെന്ന് ശോഷിപ്പിക്കുന്നതിന് കാരണമായി. നിലവില്‍. പത്ത് ലക്ഷത്തിലധികം അരവണ ടിന്നുകള്‍ കരുതല്‍ ശേഖരമായുണ്ട്. മണ്ഡല പൂജ അടുക്കുന്ന സാഹചര്യത്തിലുണ്ടാകാവുന്ന ഭക്തരുടെ എണ്ണത്തിലെ വര്‍ധന കണക്കിലെടുത്താണ് നിലവിലെ ക്രമീകരണം. അരവണ ഉത്പാദനം ഇതില്‍ വര്‍ധിപ്പിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. ഇപ്പോള്‍ മൂന്നു ലക്ഷം അരവണയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷം കരുതല്‍ ശേഖരത്തില്‍ നിന്നുമെടുക്കുന്നു.
അന്നദാനവുമായി ബന്ധപ്പെട്ട് കേരളീയ രീതിയില്‍ പപ്പടം, പഴം, പായസം തുടങ്ങിയ വിഭവങ്ങളുമായി ഊണ് നല്‍കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവരികയാണ്. 21 മുതല്‍ കേരളീയ ഊണ് പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമിക്കുന്നത്.
സ്പോട്ട്ബുക്കിങുമായി ബന്ധപ്പെട്ട് കടുംപിടിത്തമില്ലെന്നും പ്രസിഡന്റ് അറിയിച്ചു. കോടതി അതിനുള്ള സ്വാതന്ത്യം അനുവദിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിങ് സാഹചര്യം അനുസരിച്ച് റിലാക്സ് ചെയ്യാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഭക്തരുടെ വരവ് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ നിശ്ചയിച്ചിട്ടുള്ള സ്പോട്ട് ബുക്കിങ് പരിധിയായ 5000 തുടരും. ഇപ്പോള്‍ അധികം ക്യൂ നില്‍ക്കാതെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നുണ്ട്. കാനനപാത വഴിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിന് പോലീസുമായി ചര്‍ച്ച നടത്തുന്നുണ്ട്. എരുമേലി – അഴുത കാനന പാത വഴി വരുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പുമായും സംസാരിച്ചിട്ടുണ്ട്. പരമാവധി ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കും. ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കാത്ത വിധത്തില്‍ ദര്‍ശനം ക്രമീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു




