NationalNews

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ശമ്പളത്തോടെ ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറി.സ്ഥിരം ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ഔട്ട്സോഴ്സ് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഉത്തരവ് ബാധകമാണ്. 18 നും 52 നും ഇടയില്‍ പ്രയായുള്ള സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

1948 ലെ ഫാക്ടറി ആക്ട്, 1961 ലെ കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, 1951, പ്ലാന്റേഷന്‍ തൊഴിലാളി ആക്ട്, 1966 ലെ ബീഡി, സിഗാര്‍ തൊഴിലാളി (തൊഴില്‍ വ്യവസ്ഥകള്‍) ആക്ട്, 1961 എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഉത്തരവ് ബാധകമാണ്. പുതിയ ഉത്തരവ് പ്രകാരം വനിതാ ജീവനക്കാര്‍ക്ക് വര്‍ഷം 12 അവധി അധികമായി ലഭിക്കും. അതത് മാസത്തില്‍ത്തന്നെ അവധിയെടുക്കണം. അടുത്തമാസങ്ങളിലേക്ക് നീട്ടാന്‍ സാധിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തൊഴില്‍വകുപ്പ് തയ്യാറാക്കിയ ആര്‍ത്തവ അവധി നയത്തിന് കഴിഞ്ഞമാസമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എല്ലാമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടക. ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവ അവധിയുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം. ഡിസംബര്‍ 2 നാണ് സംസ്ഥാനത്തെ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒരു ദിവസത്തെ ആര്‍ത്തവ അവധി അടിയന്തരമായി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button