ഡിവൈഎസ്പി എ ഉമേഷിന് സസ്പെന്‍ഷന്‍

കോഴിക്കോട്: വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെന്‍ഷന്‍. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടി. നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചു എന്ന കേസിലാണ് ഉമേഷിനെതിരെ നടപടിയെടുത്തത്. പരാതിക്കാരിയെ പീഡിപ്പിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവുണ്ടെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും പൊലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം വന്നതിന് പിന്നാലെ എ ഉമേഷ് ഇന്നലെ അവധിയില്‍ പ്രവേശിച്ചിരുന്നു. പിന്നാലെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഉമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇസിജിയില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ഉമേഷിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് എ ഉമേഷിനെതിരായ ഗുരുതര ആരോപണം ഉണ്ടായിരുന്നത്.
2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് കസ്റ്റഡിയിലെടുത്ത യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതിയുടെ അമ്മയും രണ്ട് ആണ്‍മക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

