
ശബരിമല സ്വര്‍ണക്കൊള്ള ഗൂഢാലോചനയുടെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്താണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സോണിയാ ഗാന്ധിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെ ഫോട്ടോകള്‍ ഇതിന് പിന്നിലെ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിന്റെ ആഴവും യാഥാര്‍ത്ഥ്യവുമാണ് തുറന്നു കാട്ടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
സ്വര്‍ണ്ണക്കൊള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. അതിന്റെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്താണെന്നാണ് ബിജെപിയുടെ കൃത്യമായ നിലപാട്. ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികള്‍ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴും കോണ്‍ഗ്രസ് നിശബ്ദത പാലിച്ചതിന്റെ കാരണങ്ങളും ഇപ്പോള്‍ വ്യക്തമാവുകയാണ്. ഉണ്ണികൃഷ്ണന് പോറ്റി ചെറിയ കണ്ണി മാത്രമാണ്. ‘ഇന്‍ഡ്യ’ സഖ്യ ശൃംഖലയിലെ കൂടുതല്‍ വമ്പന്മാര്ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമെ നീതി ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കൂ.
കേരളത്തില്‍ രാഷ്ട്രീയപരമായി വിരുദ്ധപക്ഷത്തെന്ന് നടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. ബിജെപി പ്രവര്‍ത്തകരുടെയും ഹിന്ദു വിശ്വാസികളുടെയും നിരന്തരമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, ഇന്ത്യ സഖ്യ പങ്കാളികള്‍ എന്നേ ഈ കേസ് കുഴിച്ചു മൂടുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

