
എസ്ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് അശ്ലീല പ്രദര്‍ശനം നടത്തി ബിഎല്‍ഒ. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് ഇങ്ങനെ നിലവിട്ട് പെരുമാറിയത്. ഫോം വിതരണത്തിനിടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ വാസുദേവന്‍ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎല്‍ഒയ്‌ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് ജില്ലാ കലക്ടര്‍. വാസുദേവനെ ബിഎല്‍ഒ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കി. തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പറഞ്ഞ കലക്ടര്‍, തുടക്കമെന്ന നിലയില്‍ വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ പ്രകോപനത്തില്‍ ചെയ്ത് പോയതാണെന്നാണ് വാസുദേവന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
വ്യാഴാഴ്ചയാണ് സംഭവം. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ ബിഎല്‍ഒ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ത്രീകള്‍ തൊട്ട് അടുത്ത് നില്‍ക്കുമ്പോഴായിരുന്നു ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ മുഖം മാറ്റുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്. എസ്ഐആര്‍ ജോലിയുടെ ഭാഗമായി ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ ബിഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായ മോശം പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.


