ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളി; കാമുകന് വധശിക്ഷ വിധിച്ചു

ആലപ്പുഴ കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വയനാട് സ്വദേശി പ്രബീഷിനാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കാമുകനും വനിതാ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2021 ജൂലൈ 10 നാണ് അനിതയുടെ മൃതശരീരം പൂക്കൈതയാറില്‍ കണ്ടെത്തുന്നത്. വിവാഹിതനായ പ്രബീഷ് സുഹൃത്ത് രജനിയുമായും, അനിതയുമായും അടുപ്പത്തിലായിരുന്നു.
ഇതിനിടെ അനിത ഗര്‍ഭിണിയായി. ബന്ധത്തില്‍ നിന്നും പിരിയാന്‍ പ്രബീഷ് നിര്‍ബന്ധിച്ചെങ്കിലും അനിത തയ്യാറായില്ല. തുടര്‍ന്ന് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശബ്ദം പുറത്തു വരാതിരിക്കാന്‍ രജനി സഹായിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പൂക്കൈതയാറില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. രണ്ടാം പ്രതിയായ രജനി കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം, ലഹരിക്കേസില്‍ പൊലീസിന്റെ പിടിയിലായിരുന്നു. എന്‍ഡിപിഎസ് കേസില്‍ ഒഡീഷയിലെ ജയിലിലാണ് രജനി ഇപ്പോഴുള്ളത്.



