National

ബിഹാറിൽ ജയിക്കും; പൂര്‍ണ ആത്മവിശ്വാസത്തില്‍ ബിജെപി

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ പോരാട്ടത്തിന്റെ ഫലമറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ജയിക്കുമെന്ന പൂര്‍ണ ആത്മവിശ്വാസത്തില്‍ ബിജെപി. ജയിക്കുമെന്ന് പറയുക മാത്രമല്ല വിജയാഘോഷത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും നല്‍കി കഴിഞ്ഞിരിക്കുകയാണ് ബിജെപി നേതൃത്വം. ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം ലളിതമാക്കണമെന്നാണ് നേതാക്കള്‍ക്ക് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ചെങ്കോട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കരുതെന്നും വിജയാഘോഷം ലളിതമായി നടത്തണമെന്നും എല്ലാ നേതാക്കള്‍ക്കും ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും വിജയാഘോഷത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. എന്നിരിക്കിലും ബിഹാറിലെ ബിജെപി ആസ്ഥാനത്ത് ഫലം തത്സമയം കാണാനും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാനും ആഘോഷപരിപാടികള്‍ നടത്താനും ചില തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം ജെഡിയുവിന്റെ ആത്മവിശ്വാസവും തീരെക്കുറവല്ല. ബിഹാറില്‍ അധികാര തുടര്‍ച്ചയുണ്ടാകുമെന്നാണ് ജെഡിയുവിന്റെ പ്രതികരണം. എക്‌സ് പോസ്റ്റിലൂടെയാണ് ജെഡിയുവിന്റെ പ്രതികരണം. കാത്തിരിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം, സദ് ഭരണ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ജെഡിയുവിന്റെ എക്‌സ് പോസ്റ്റ്. 38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കൗണ്ടിംഗ് സ്റ്റേഷനുകള്‍ക്ക് അര്‍ദ്ധസൈനികരുടെ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. രാവിലെ എട്ട് മണി മുതല്‍ തന്നെ ഫലസൂചനകള്‍ വന്നുതുടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button