NationalNews

ബിഹാറിലെ ജൻ സുരാജ് പ്രവർത്തകന്റെ കൊലപാതകം; ജെഡിയു സ്ഥാനാർത്ഥി അറസ്റ്റിൽ

ബിഹാറില്‍ നിയമസഭാ പ്രചാരണങ്ങള്‍ക്കിടെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. മൊകാമയിലെ ജെഡിയു സ്ഥാനാര്‍ത്ഥി ആനന്ദ് സിങ്ങാണ് അറസ്റ്റിലായത്. ആനന്ദിന് പുറമേ ജെഡിയു നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ജെഡിയു സ്ഥാനാര്‍ത്ഥിയുടെ അറസ്റ്റോടെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് മഹാസഖ്യം. ജെഡിയു ഗുണ്ടാ സംഘമാണെന്ന് മഹാസഖ്യം ആരോപിച്ചു. നിതീഷ് കുമാര്‍ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും മഹാസഖ്യം ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു മുന്‍ എംഎല്‍എ കൂടിയായ ആനന്ദ് സിങ്ങിന്റെ അറസ്റ്റ്. പുലര്‍ച്ചെ ആനന്ദ് സിങ്ങിന്റെ ബര്‍ഹിലെ വീട്ടിലെത്തിയ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ്. സംഭവത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട് മണികണ്ഠ് താക്കൂര്‍, രന്‍ജീത് റാം എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടക്കുമ്പോള്‍ ഇരുവരും സ്ഥാലത്തുണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. മൂന്ന് പേരെയും ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജന്‍ സുരാജ് പാര്‍ട്ടി നേതാവ് ദുലര്‍ചന്ദ് യാദവ് കൊല്ലപ്പെട്ടത്. ജെഡിയു-ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വെടിവെപ്പുണ്ടാകുകയായിരുന്നു. കാറിനകത്തുവെച്ചാണ് ദുലര്‍ചന്ദിന് വെടിയേറ്റത്. പ്രവര്‍ത്തകര്‍ക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റിയ സംഭവവുമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button