National

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ ; രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പരിഷ്ക്കരണം നടപ്പാക്കിയേക്കും

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ( എസ്‌ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നാളെ വൈകീട്ട് 4.15 ന് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം തുടങ്ങി 10 സംസ്ഥാനങ്ങള്‍ ആദ്യഘട്ട എസ്‌ഐറില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ മുഴുവന്‍ എസ്ഐആര്‍ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തയ്യാറെടുപ്പ്, വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച രണ്ട് ദിവസത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ (സിഇഒ) സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന മറ്റു 11 രേഖകൾ ഹാജരാക്കേണ്ടിവരും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കേരളത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നവംബർ– ഡിസംബർ കാലയളവിലാണ്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button