News

കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായി ; സിപിഎം മന്ത്രിമാർ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. കരാറിൽ ഒപ്പുവെക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം മന്ത്രിമാർ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സർക്കാർ വിശ്വാസത്തിലെടുത്തില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് സർക്കാരിൻ്റെ തീരുമാനം. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോവുന്ന സിപിഎം അനുനയ നീക്കവുമായി രം​ഗത്തുവന്നിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ നേതൃത്വവുമായി ചർച്ച നടത്തുകയാണ്. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണുന്നത്. സിപിഎം നിർദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

എൽഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു
മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്. ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. അതേസമയം, വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button