ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; മൊഴി നല്‍കാതെ ശ്രീതു

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മൊഴി നല്‍കാതെ ശ്രീതു. പൊലീസ് ചോദ്യം ചെയ്തിട്ടും ശ്രീതു കൃത്യമായകാര്യം പറയുന്നില്ല. നേരത്തെ വഞ്ചനാ കേസില്‍ അറസ്റ്റിലായ ശ്രീതുവിനെ ജയിലിലുണ്ടായിരുന്ന സഹതടവുകാരായ മോഷണക്കേസ് പ്രതികളാണ് ജാമ്യത്തിലിറക്കിയത്.
ജാമ്യത്തിലിറങ്ങിയ ശ്രീതു പാലക്കാട് സഹതടവുകാരിയുടെ സംരക്ഷണയില്‍ കഴിയുന്നതിനിടെയാണ് കുഞ്ഞിന്റെ കൊലപാത കേസിലും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശ്രീതുവിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.
ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതില്‍ ശ്രീതുവിന്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.




