കണ്ണൂരില്‍ വാടക വീട്ടിലെ സ്‌ഫോടനം; ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

കണ്ണൂര്‍: കണ്ണപുരത്തെ വാടക വീട്ടില്‍ പുലര്‍ച്ചെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചാലാട് സ്വദേശിയായ മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. വീട്ടില്‍ നിന്ന് ഉത്സവ സമയങ്ങളില്‍ ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ പി. നിധിന്‍ രാജ് പറഞ്ഞു.
ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് വാടകയ്ക്ക് നല്‍കിയിരുന്നത്. അനൂപ് മാലിക് എന്നയാളാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നും, ഇയാളുടെ പേരില്‍ സ്‌ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും വിവരം ലഭിച്ചു. 2016-ല്‍ പുഴാതിയില്‍ ഉണ്ടായ മറ്റൊരു സ്‌ഫോടന കേസിലും അനൂപ് പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഒരു വര്‍ഷം മുമ്പാണ് അനൂപ് വീടു വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും വീട് തകര്‍ന്ന നിലയിലായിരുന്നു.
ഫയര്‍ ഫോഴ്സും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന തുടരുകയാണ്. നാട്ടുകാര്‍ പറയുന്നതനുസരിച്ച്, വീട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ വന്നുപോകാറുണ്ടെങ്കിലും താമസക്കാരനെക്കുറിച്ച് കൂടുതല്‍ വിവരം പ്രദേശവാസികള്‍ക്ക് അറിയില്ല. ജനലുകളും വാതിലുകളും മുഴുവന്‍ തകര്‍ന്ന നിലയിലായ വീടിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

