Crime

കണ്ണൂര്‍ സ്‌ഫോടനം; വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്‌ഫോടനം നടന്ന വീട്ടില്‍ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button