KeralaNews

പൊന്നോണത്തിന്‍റെ വരവറിയിച്ച് അത്തം എത്തി ; നാടെങ്ങും നിറങ്ങളുടെ മേളം, തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര

ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്‍റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ് നാട്ടാരും. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും. അയല്‍പക്ക സംസ്ഥാനങ്ങളിലെ വസന്തവും മുറ്റങ്ങളെ അലങ്കരിക്കും.

ഓണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാകും നഗരം സാക്ഷിയാകുക. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൾഡ് ടീ, പായസം മിക്‌സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണത്തിനു മുമ്പ് മുഴുവൻ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button