KeralaNews

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി ഗൂഢാലോചനയെന്ന് സംശയം, പാര്‍ട്ടി നിലപാടിനൊപ്പമെന്ന് സന്ദീപ് വാര്യര്‍

കോണ്‍ഗ്രസ് എംഎല്‍എ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും താന്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പമാണെന്നും സന്ദീപ് വാര്യര്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അവര്‍ നിയമപരമായി മുന്നോട്ട് പോകണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ. കോണ്‍ഗ്രസ് പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുന്നോ, അതുതന്നെയാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും നിലപാട്.

രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിന് വേണ്ടി ഇതിനെ ഒരു മാര്‍ഗമാക്കുകയാണ്. കോണ്‍ഗ്രസിനെ ഇതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ താറടിച്ച് കാണിക്കാന്‍ ബിജെപിക്കും സിപിഎമ്മിനും എന്ത് അര്‍ഹതയാണുള്ളതെന്നാണ് ജനം ചിന്തിക്കുക. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡിലിരിക്കുന്നത് പോക്‌സോ കേസ് പ്രതിയാണ്. അദ്ദേഹത്തെ കൈവെള്ളയില്‍ വെച്ച് സംരക്ഷിക്കുകയാണ് ബിജെപി നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. സിപിഎമ്മും ഇത്തരത്തില്‍ ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഒരിക്കലും അത്തരത്തിലൊരു നിലപാട് സ്വീകരിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ബിജെപിയുടെ ഭാഗത്തുനിന്നും ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സൂചന നല്‍കുന്നതാണ് ഇന്ന് പുറത്തുവന്ന ശബ്ദരേഖ(അവന്തികയുടെ)യെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപം ഉന്നയിച്ച വ്യക്തിക്ക് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റുമായി ബന്ധമുണ്ട്. ജില്ലാ പ്രസിഡന്റിനെ തനിക്ക് നല്ല പരിചയമുണ്ടെന്നും യുവമോര്‍ച്ചയില്‍ നിന്ന് എന്ത് സ്വഭാവ സവിശേഷതയുടെ പേരിലാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതെന്നും അന്വേഷിച്ചു കഴിഞ്ഞാല്‍ ഈ സംശയം കൂടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് വന്നാല്‍ നേരിട്ട് കാണാമെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് ആര്‍ക്കാണ് സന്ദേശം അയച്ചതെന്ന് അദ്ദേഹം തന്നെ പറയട്ടെയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button