രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹവും പാര്‍ട്ടിയും; സ്പീക്കര്‍ എഎന്‍ ഷംസീര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനമെടുക്കേണ്ടതെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ജനപ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ടു തന്നെ അവര്‍ പാലിക്കേണ്ട ചില ഉത്തരവാദിത്തങ്ങളും പെരുമാറ്റങ്ങളുമുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണ്. അദ്ദേഹം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറാന്‍ നാം പഠിക്കേണ്ടതാണ്. രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ആ വ്യക്തിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. ഇത്തരത്തില്‍ പെരുമാറുന്ന ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ ഓഫീസിന് നിയമമില്ലെന്ന് ഷംസീര്‍ പറഞ്ഞു.
ഇത്തരം പെരുമാറ്റത്തില്‍ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എന്തു മാര്‍ഗനിര്‍ദേശമാണ് പുറപ്പെടുവിക്കേണ്ടത് ?. സ്ത്രീകളെ ബഹുമാനിക്കണമെന്ന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടതുണ്ടോ ?. നമുക്ക് ഓരോരുത്തര്‍ക്കും തോന്നേണ്ട കാര്യമല്ലേ അത് ?. നമ്മള്‍ ചെറുപ്പത്തിലേ രൂപപ്പെടുത്തേണ്ട കാര്യമല്ലേ അതെന്ന് ഷംസീര്‍ ചോദിച്ചു.
സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്നെല്ലാം ചെറുപ്പത്തിലേ നമ്മള്‍ പഠിച്ചു വരുന്ന കാര്യമല്ലേ ?. അതില്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും ഷംസീര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോ, അദ്ദേഹമോ തനിക്ക് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.



