
സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം. പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നൽകിയ പരാതി ചോർന്ന് കോടതി രേഖയായി എത്തിയതിലാണ് വിവാദമുയരുന്നത്. താൻ പാർട്ടിയുടെ പരമോന്നത സമിതിക്ക് നൽകിയ കത്ത് ചോർന്നതിനെതിരെ ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പുതിയ പരാതി നൽകി. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകൻ ശ്യാം ആണെന്നാണ് ആരോപണം. പല പാർട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദ് നൽകിയ പരാതി ആണ് ചോർന്നത്. ഷെർഷാദിന്‍റെ പരാതിയുടെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. പിബിക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള പരാതി ദില്ലി ഹൈക്കോടതിയിൽ രേഖയായി എത്തിയതിൽ പാർട്ടി നേതൃത്വത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകനാണെന്ന് സംശയിക്കുന്നുവെന്ന് പാർട്ടിക്ക് പരാതി നൽകിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പറഞ്ഞു. ചോർച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എംഎ ബേബിക്ക് പുതിയ പരാതി നൽകിയത്.
പിബിക്ക് നൽകിയ പരാതി ദില്ലി ഹൈക്കോടതിയിലെ മാനഷ്ടക്കേസിന്‍റെ ഭാഗമാക്കിയെന്നാണ് പരാതി. ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം എ ബേബി സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്കെതിരായിരുന്നു മാനനഷ്ട കേസ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തക്കെതിരെയാണ് രാജേഷ് കൃഷ്ണ ദില്ലി ഹൈക്കോടതിയിൽ മാനനഷ്ടകേസ് നൽകിയത്.