വോട്ടര്‍ പട്ടികയെ ബിജെപി മാനഭംഗപ്പെടുത്തി; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തൃശ്ശൂര്‍: വോട്ടര്‍ പട്ടികയെ ബിജെപി മാനഭംഗപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഭാര്യയും കുടുംബാംഗങ്ങളും തൃശൂരില്‍ താമസക്കാരല്ലെന്നും തെരഞ്ഞെടുപ്പിന്റെ ഖുറാനും ബൈബിളും ഗീതയുമായ വോട്ടര്‍ പട്ടികയെ ബിജെപി മാനഭംഗപ്പെടുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘പുത്തന്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ വെറും പോസ്റ്റ് കാര്‍ഡ് മതി. തൃശ്ശൂരിലെ വോട്ടര്‍ പട്ടിക സിപിഐ സമഗ്രമായി പരിശോധിക്കും. കള്ള വോട്ടര്‍മാരെ തൃശ്ശൂര്‍ എംപി പുറത്ത് കൊണ്ടു വരണം. കേക്കുമായി അരമനയില്‍ പോകുന്ന പോലെയല്ല. തങ്കവും വെള്ളിയും പൊതിഞ്ഞ കിരീടം സമര്‍പ്പിക്കുകയല്ല’, ബിനോയ് വിശ്വം പറഞ്ഞു.
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് വന്നെന്നും വേഷം മാറി വന്ന ചെന്നായിയെ തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേക്ക് വാങ്ങിയവര്‍, സ്വര്‍ണ്ണ കിരീടം കണ്ടു മഞ്ഞളിച്ചവര്‍ എല്ലാം വിചാരധാര വായിക്കണമെന്നും അതില്‍ ശത്രുക്കളെ പറ്റി പറയുന്ന ഭാഗം വായിക്കണമെന്നും ആവശ്യപ്പെട്ടു. തൃശ്ശൂരിലെ വോട്ട് ക്രമക്കേടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും മറുപടി പറയേണ്ടത് ബിജെപി മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വോട്ടുമോഷണത്തിന്റെ കഥകളാണ് ഇന്ത്യയിലാകെയെന്നും ബിജെപി പ്രേരിതമായ വോട്ടര്‍ പട്ടികയിലെ അട്ടിമറി തൃശ്ശൂരിലും നടന്നെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ മൗലിക പ്രേരണകള്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നും ജനാധിപത്യം വേണ്ട എന്ന് വാദിക്കുന്ന പാര്‍ട്ടി എല്ലാ ഭീകരവാദങ്ങളോടുകൂടി ഇന്ത്യയിലെ വോട്ടിംഗ് വ്യവസ്ഥയെ അട്ടിമറിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.