KeralaNews

കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കില്ല: മന്ത്രി ആർ ബിന്ദു

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തെ തള്ളി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിലപാട് കലാലയങ്ങളുടെ മേധാവികളെ അറിയിക്കും. വർഗീയ വിദ്വേഷത്തിനും സാമുദായിക സ്പർദ്ധയിലേക്കും നയിക്കുന്ന കാര്യങ്ങളോ പരിപാടികളോ അല്ല ക്യാമ്പസുകളിൽ നടത്തേണ്ടത്. മതനിരപേക്ഷത വളർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് വിസിമാർക്ക് പറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

താൽക്കാലിക വിസി നിയമനകേസിൽ സെർച്ച് കമ്മിറ്റിയെ സുപ്രീം കോടതി തീരുമാനിക്കുമെന്ന നിരീക്ഷണത്തിലും മന്ത്രി പ്രതികരിച്ചു. കോടതി പ്രാഥമിക നിരീക്ഷണമാണ് നടത്തിയത്. സർക്കാരാണ് ശരിയെന്നാണ് കോടതിയുടെ നിരീക്ഷണം. സർക്കാരിന് അനുകൂലമായ പാനൽ വേണമോയെന്ന് കോടതിയാണ് തീരുമാനിക്കുക. സർക്കാർ നിലപാട് നാളെ കോടതിയെ അറിയിക്കും. ഇപ്പോൾ പറയാൻ കഴിയില്ല. തുടർ ചർച്ചകൾ ആലോചിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ കോടതിവിധികളെ വ്യാഖ്യാനിക്കാനാണ് ഗവർണർ ശ്രമിച്ചത്. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചു മുന്നോട്ടു പോകണം എന്നാണ് കോടതി പറഞ്ഞത്. കോടതി വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഗവർണർ രാജേന്ദ്ര ആർലേക്കർ ആഗസ്റ്റ് 14 നി വിഭജന ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലർ ഇറക്കിയിരുന്നു. സർവകലാശാലകൾക്കാണ് രാജ്ഭവൻ ഈ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാനും വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ ഇത് സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനും ആർഎസ്എസ് അജണ്ട നടപ്പാക്കാനും വേണ്ടിയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചിരുന്നു. ഇത്തരം പരിപാടികളിലൂടെ മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതിനുള്ള ഉപകരണമായി ഗവർണറെ മാറ്റിയെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button