
ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും ഉടന്‍ നീക്കം ചെയ്യണം എന്ന സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. എബിസി ചട്ടങ്ങള്‍ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല എന്ന സത്യം ഒടുവില്‍ സുപ്രീംകോടതി വിളിച്ചുപറഞ്ഞിരിക്കുന്നു എന്നാണ് എം ബി രാജേഷ് ചൂണ്ടിക്കാട്ടുന്നത്.
തെരുവ് നായ വിഷയത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങള്‍ അടിവരയിടുന്നത്. ”ഒരു തെരുവുപട്ടിയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം ചെയ്ത് ആറുദിവസം ശുശ്രൂഷിച്ച് തിരിച്ച് അതേസ്ഥലത്ത് തന്നെ കൊണ്ടുചെന്നുവിടണം എന്ന എബിസി ചട്ടത്തിലെ വ്യവസ്ഥ വെളിവില്ലാത്ത നിബന്ധനയാണ് സുപ്രീം കോടതി പോലും വിലയിരുത്തിക്കഴിഞ്ഞു. കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് തെരുവ് നായ ശല്യം. ആ പ്രശ്നത്തിന് കൂടുതല്‍ ഫലപ്രദമായ പരിഹാരനിര്‍ദേശം ഉണ്ടാകണം എന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒടുവില്‍ സുപ്രീംകോടതി ആ സത്യം വിളിച്ചുപറഞ്ഞിരിക്കുന്നു. എബിസി ചട്ടങ്ങള്‍ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല എന്ന സത്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഇക്കാര്യം ഇവിടെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രയോ പത്രസമ്മേളനങ്ങളില്‍ എബിസി ചട്ടങ്ങളിലെ തീര്‍ത്തും അപ്രായോഗികവും അര്‍ഥശൂന്യവുമായ വ്യവസ്ഥകളെക്കുറിച്ച് പറഞ്ഞപ്പോഴൊന്നും നമ്മുടെ മാധ്യമങ്ങള്‍ കേട്ട ഭാവം നടിച്ചില്ല. മാധ്യമപ്രതിനിധികളോട് എബിസി ചട്ടം വായിക്കാനും അതെത്രമാത്രം അര്‍ഥശൂന്യമാണ് എന്ന നേര് ജനങ്ങളോട് പറയാനും അഭ്യര്‍ഥിച്ചു. ഒരനക്കവും ഉണ്ടായില്ല. എബിസി ചട്ടത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ നിഷ്ക്രിയമായിരിക്കുകയാണ് എന്ന് സ്ഥാപിക്കാന്‍ മാത്രമായിരുന്നു അവര്‍ നിരന്തരം ശ്രമിച്ചുവന്നിരുന്നത്. സര്‍ക്കാരിനെ കടിച്ചുകീറാന്‍ ഒന്നാം പേജും എഡിറ്റോറിയലുമെല്ലാം നിറയ്ക്കാനായിരുന്നു ചിലര്‍ക്ക് താത്പര്യം.