
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരള ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആർഎസ്എസും ഹിന്ദു ഐക്യവേദിയും. കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിലെ ബിജെപി വേവലാതിപ്പെടേണ്ടെന്നും ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പിലാക്കാൻ ഒരു സർക്കാരുണ്ടെന്നും മുതിർന്ന ആർഎസ്എസ് മുതിർന്ന നേതാവ് കെ ഗോവിന്ദൻകുട്ടി പറഞ്ഞു. ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും എതിർക്കുമെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രസ്താവന.
ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടനയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ദിവസം പാർട്ടിയെ ബന്ധപ്പെട്ടു. അന്നുമുതൽ അവർക്ക് നീതി ലഭിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അനൂപ് ആന്റണിയെ അയച്ചതെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. എന്നാൽ, ഇതിനെതിരെയാണ് ആർഎസ്എസും ഹിന്ദു ഐക്യവേദിയും രംഗത്തുവന്നത്.
കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിലെ ബിജെപി വേവലാതിപ്പെടേണ്ടെന്നും ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പിലാക്കാൻ ഒരു സർക്കാരുണ്ടെന്നുമാണ് മുതിർന്ന ആർഎസ്എസ് നേതാവ് കെ ഗോവിന്ദൻകുട്ടിയുടെ മറുപടി.. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കമന്റ് ആയിട്ടായിരുന്നു ഗോവിന്ദൻകുട്ടിയുടെ മറുപടി. പിന്നാലെ ഹിന്ദു ഐക്യവേദിയും രാജീവിനെതിരെ രംഗത്തെത്തി. ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും എതിർക്കുമെന്നും കാള പെറ്റെന്ന് കേൾക്കുമ്പോഴെ കയറെടുക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കണമെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രസ്താവന. കയ്യിലുള്ളത് പറക്കാതെ നോക്കണമെന്ന പ്രതികരണവുമായി ടി പി സെൻകുമാറും ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. കേരള ബിജെപി നേതൃത്വത്തിനെതിരെ സംഘപരിവാർ ഒളിയമ്പുമായി എത്തിയതോടെ ക്രൈസ്തവ സമൂഹത്തോടുള്ള ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിനോടകം വ്യക്തമായിരിക്കുന്നത്.