കര്‍ണാടകയിലെ ധര്‍മസ്ഥാലയില്‍ പീഡനത്തിന് ഇരയായ നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളി കോടതിയിലെത്തി മൊഴി നല്‍കി. ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ ബെല്‍തങ്കാടി മജിസ്ട്രേറ്റ് കോടതിയില്‍ എത്തി മൊഴി നല്‍കിയത്. മുഖം മറച്ചാണ് കോടതിയില്‍ എത്തിയത്. മൊഴി നല്‍കുമ്പോള്‍ അഭിഭാഷകരെ ഒപ്പമിരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
താന്‍ കുഴിച്ചു മൂടിയതെന്ന് ഇയാള്‍ അവകാശപ്പെടുന്ന ഒരു മൃതദേഹത്തിന്റെ അസ്ഥിയും കോടതിക്ക് കൈമാറിയിട്ടുണ്ട്. ദക്ഷിണ കന്നഡ എസ് പി അസ്ഥികള്‍ പരിശോധനയ്ക്കായി ഏറ്റെടുത്തു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട എല്ലാ സ്ഥലവും കാട്ടിത്തരാമെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടു.കേസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി ദക്ഷിണ കന്നഡ എസ് പി പറഞ്ഞു. എന്നാല്‍ ഇതുവരെ കേസില്‍ ആരെയും ചോദ്യം ചെയ്തിട്ടില്ല.