ബിന്ദുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു:മുഖ്യമന്ത്രി

0

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജിലുണ്ടായതുപോലുളള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിന്ദുവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജും രംഗത്തെത്തിയിരുന്നു. ആ കുടുംബത്തിന്റെ ദുഃഖം തന്‍റേത് കൂടിയാണെന്നും ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ‘കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’, വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെ ഫോണിൽ വിളിച്ചും മന്ത്രി ആശ്വസിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ വീട് സന്ദർശിക്കുമെന്നും കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി ബിന്ദുവിന്റെ ഭർത്താവിനോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here