‘അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് മന്ത്രിമാരെ അറിയിച്ചിരുന്നു’, ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കല്‍ കോളജ് സുപ്രണ്ട്

0

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞു വീണ് സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം വൈകിയെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ ആശയക്കുഴപ്പത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരുമില്ലെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശം താന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ പ്രതികരിച്ചു. ആരും അപകടത്തില്‍പ്പെട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണം രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു എന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിക്കുന്നതിനിടെയാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.

അപകടം സംഭവിച്ച ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടെ തന്നെ രണ്ട് പേരെ രക്ഷപ്പെടുത്തി. പതിനൊന്നര മണിയോടെ മണ്ണുമാന്തിയന്ത്രം എത്തിച്ച് നടത്തിയ തെരച്ചിലിലാണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ ബിന്ദുവിനെ കണ്ടെത്തിയത്. തകര്‍ന്ന കെട്ടിടത്തില്‍ ആളുകളുടെ പ്രവേശനം നിരോധിച്ചിരുന്നു എന്ന് മന്ത്രിമാരെ അറിയിച്ചത് താനാണ്. ഇത് പ്രകാരമായിരുന്നു ആരോഗ്യ മന്ത്രി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അറിയിച്ചത് എന്നും ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു.

മെഡിക്കല്‍ കോളജ് അപകടം: കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു; പുറത്തെടുത്തത് മണിക്കൂറുകള്‍ക്ക് ശേഷം
കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന തന്റെ ആദ്യ പ്രതികരണം വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്ന് നേരത്തെ ആരോഗ്യ മന്ത്രിയും വിശദീകരിച്ചിരുന്നു. സ്ഥലത്ത് എത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന വിവരമാണ് ലഭിച്ചത്. അതേവിവരം മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു എന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിനെ സാധുകരിക്കുന്നതാണ് ഇപ്പോള്‍ ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണവും.

LEAVE A REPLY

Please enter your comment!
Please enter your name here