
തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പൊലീസ്, കൊടകര പഞ്ചായത്ത്, തൊഴില്‍ വകുപ്പ് എന്നിവരെ നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മറ്റ് ബില്‍ഡിംഗുകളും സുരക്ഷിതമല്ലാത്ത ലേബര്‍ ക്യാമ്പുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
അന്വേഷണം ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയോഗിച്ചതായും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. വിമാനമാര്‍ഗം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ക്കൊപ്പം ബന്ധുവിനും സുഹൃത്തുക്കളും പോകുന്നതിനുള്ള യാത്ര സൗകര്യം ഒരുക്കും. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മരണപ്പെട്ടവരുടെ ബന്ധുവായ ബൈത്തുല്‍ ഇസ്ലാമിന് കൈമാറി.