Politics

നിലമ്പൂരില്‍ വിജയതന്ത്രങ്ങള്‍ മെനഞ്ഞത് കെ.സി. വേണുഗോപാല്‍; ഈ കൈകളില്‍ യുഡിഎഫ് സുരക്ഷിതം

നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കേവലം രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പോരാട്ടം മാത്രമായിരുന്നില്ല; ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും അത് ഒരുപോലെ അഗ്‌നിപരീക്ഷയായിരുന്നു. ഭരണപരാജയം മറയ്ക്കാന്‍ എല്‍ഡിഎഫിന് നിലമ്പൂരിലെ വിജയം അനിവാര്യമായിരുന്നെങ്കില്‍, വരും തെരഞ്ഞെടുപ്പുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷയായിരുന്നു യുഡിഎഫിന് നിലമ്പൂര്‍. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുകയും യുഡിഎഫ് ഒറ്റക്കെട്ടായി തന്ത്രങ്ങള്‍ മെനഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തതോടെ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെയെത്തി.

യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന്റെ കാതല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ്; അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. സീറ്റ് തര്‍ക്കങ്ങള്‍ പ്രചരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ യുഡിഎഫിന്റെ ഭാവി പാളം തെറ്റിക്കുമെന്ന് ഏവരും കരുതി. എന്നാല്‍ തിരശ്ശീലയ്ക്ക് പിന്നിലെ കൃത്യമായ നയതന്ത്രത്തിലൂടെ കെ.സി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പിഴവുകളില്ലാതെ, വിമത ശബ്ദങ്ങളില്ലാതെ പൂര്‍ത്തിയാക്കി.

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഉടന്‍ തന്നെ പ്രചരണത്തിലേക്ക് കടന്ന യുഡിഎഫ് തുടക്കത്തിലേ ബഹുദൂരം മുന്നിലെത്തി. ഒപ്പം, ഡല്‍ഹിയിലിരുന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന സാധാരണ ദേശീയ നേതാക്കളെപ്പോലെയല്ല താന്‍ എന്ന് വീണ്ടും തെളിയിച്ച് കെ.സി വേണുഗോപാല്‍ പ്രചരണത്തിന് മണ്ഡലത്തില്‍ നേരിട്ടെത്തി. യുഡിഎഫ് കണ്‍വെന്‍ഷനുകളിലൊക്കെ, പിണറായി വിജയനെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും വേണുഗോപാല്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. സാധാരണഗതിയില്‍ സിപിഎമ്മിന്റെ പിആര്‍ സ്ഥാപനങ്ങള്‍ നയിക്കുന്ന വഴിയിലേക്ക് എത്താറുള്ള മാധ്യമങ്ങളെ യുഡിഎഫിന്റെ അജണ്ടയിലേക്ക് വഴി തിരിച്ച് വിട്ടതും കെ.സി വേണുഗോപാലാണ്. വര്‍ഗ്ഗീയ പ്രചരണം നടത്താന്‍ ഉദ്ദേശിച്ച സിപിഎമ്മിനെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി വെള്ളം കുടിപ്പിച്ചു. പെന്‍ഷനും മനുഷ്യ-വന്യജീവി സംഘര്‍ഷവും മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനയും ദേശീയപാതാ തകര്‍ച്ചയുമൊക്കെ ഒന്നിന് പുറകെ ഒന്നായി ചര്‍ച്ചകളില്‍ ഇടം പിടിച്ചു. വികസനവും സ്വത്വ രാഷ്ട്രീയവും പലപ്പോഴും കൈകോര്‍ക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍, പ്രത്യേകിച്ച് വോട്ടര്‍മാരെ ഈ ചര്‍ച്ചകള്‍ ആകര്‍ഷിച്ചു. യുഡിഎഫിന് എതിരെ ചര്‍ച്ചകള്‍ തിരിച്ച് വിടാനുള്ള എല്‍ഡിഎഫ് ശ്രമമെല്ലാം വിഫലമാകുകയും ചെയ്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ ഒരു പ്രാദേശിക പോരാട്ടത്തില്‍ നിന്ന് എല്‍ഡിഎഫിന്റെ ഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടമാക്കി മാറ്റുന്നതില്‍ കെ.സി വേണുഗോപാല്‍ നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ പ്രചരണ തന്ത്രം വ്യക്തമായിരുന്നു; കുഴികള്‍ നിറഞ്ഞ ഹൈവേകള്‍ മുതല്‍ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകള്‍ വരെയുള്ള എല്‍ഡിഎഫിന്റെ പോരായ്മകള്‍ തുറന്നുകാട്ടി. പ്രചരണം ജനകീയപ്രശ്‌നങ്ങളില്‍ നിന്ന് വഴുതിപ്പോകാതെ നിലനിര്‍ത്തുന്നതില്‍ കെ.സി വേണുഗോപാലിന്റെ ഇടപെടലുകള്‍ വിജയം കണ്ടു. ഈ സമീപനം നിലവിലെ സംസ്ഥാന ഭരണത്തില്‍ നിരാശരായ വോട്ടര്‍മാരെ ആകര്‍ഷിച്ചു.

അപശബ്ദത്തിന്റെ നേരിയ മുരളല്‍ പോലുമില്ലാത്ത തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനൊരു പുതുമയാണ്. പാര്‍ട്ടിയിലെ സ്ഥിരം കലഹപ്രിയര്‍ നാവും വാലും മടക്കി മാളത്തിലിരുന്നതല്ലാതെ കുളം കലക്കാന്‍ ഇറങ്ങാന്‍ ധൈര്യപ്പെടാതെ ഇരുന്നു. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ളവര്‍ മുതല്‍ കീഴ്ഘടകങ്ങള്‍ വരെ എണ്ണയിട്ട യന്ത്രം പോലെ ചലിച്ചു. കെ.സി വേണുഗോപാല്‍ ചുമതലയേല്‍പ്പിച്ച പുതിയ കെ.പി.സി.സി നേതൃത്വം കഴിവ് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരിലേത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പൂര്‍ണ്ണസജ്ജരാണ് തങ്ങളെന്ന് അവര്‍ അടിവരയിട്ടു. പുതിയ നേതൃത്വത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ കെ.സി വേണുഗോപാല്‍ നേരിട്ട പഴികളെല്ലാം അതോടെ പൂച്ചെണ്ടുകളായി മാറി.

ഒന്നിച്ചു നിന്നാല്‍ മുന്നോട്ടു പോകാം അല്ലെങ്കില്‍ ഒന്നിച്ചു മുങ്ങാം എന്ന സന്ദേശവും കോണ്‍ഗ്രസുകാര്‍ കഠിന പരിശ്രമം നടത്തിയാലേ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാകൂ എന്ന ആപ്തവാക്യവും സ്ഥിരം കാലുവാരികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ കെ.സി.വേണുഗോപാലിനായെന്ന് വേണം കരുതാന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാലിന്റെ പങ്ക് ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു. വിജയത്തിലേക്ക് പാര്‍ട്ടിയെ നയിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് കേരളത്തിലെ ഭാവി തെരഞ്ഞെടുപ്പുകളില്‍ വിജയങ്ങള്‍ക്കുള്ള ഒരു ബ്ലൂപ്രിന്റായി വര്‍ത്തിക്കും. ഒറ്റവാക്കില്‍ പറഞ്ഞാല്‍, നിലമ്പൂരിലെ വിജയം ആകസ്മികമല്ല. അത് കെ.സി. വേണുഗോപാല്‍ കൃത്യമായ തന്ത്രങ്ങളിലൂടെ രൂപകല്‍പ്പന ചെയ്തതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button