കണ്ണൂർ ജില്ലയിൽ ജൂൺ 14, 15 തീയ്യതികളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ ജൂൺ 14, 15 തീയ്യതികളിൽ പ്രവർത്തിക്കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.
അതേസമയം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ജൂണ്‍ 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ജൂണ്‍ 17ന് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.